കണ്ണൂർ: കണ്ണൂർ സർവകലാശാല 108 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളെ 2026 -27 അഡ്മിഷൻ പ്രോസസിൽ (CAP) നിന്ന് ഒഴിവാക്കിയതിലും പുതിയ കോഴ്സുകൾ നല്കാത്തതിലും ദുരൂഹതയുണ്ടെന്ന് സെൽഫ് ഫൈനാൻസിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ, കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് കൺസോർഷ്യം, സെൽഫ് ഫിനാൻസിംഗ് കോളജ് ടീക്കേസ് അസോസി യേഷൻ സംയുക്ത സമരസമിതി ജനറൽ കൺവീനർ എം.പി.എ. റഹീം. അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യത്തിൽ സിൻഡിക്കേറ്റ് പ്രമേയം പാസാക്കിയെങ്കിലും അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും റഹീമും ചെയർമാൻ കെ.കെ. ശിവരാമനും പത്രസമ്മേളനത്തിൽ ആരോപിച്ചു.
അഡ്മിഷൻ പ്രോസസിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ഇന്ന് താവക്കരയിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10 ന് നടക്കുന്ന മാർച്ചിൽ എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ് എന്നിവർ പ്രസംഗിക്കും. കേരളത്തിലെ മറ്റ് മൂന്ന് സർവകലാശാലകളും അഡ്മിഷൻ പ്രോസസിൽ സ്വാശ്രയ കോളജുകളെ ഉൾപ്പെടുത്തിയപ്പോൾ കണ്ണൂർ സർവകലാശാല മാത്രമാണ് ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അന്തർസംസ്ഥാന ലോബിയുടെ പങ്കാളിത്തം അന്വേഷണ വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കൃഷ്ണകുമാറും പങ്കെടുത്തു.